Sunday, October 23, 2011

സ്നേഹം ഓണ്‍ സയില്‍


ജീവിതം ദുഖപൂരിതം ആകുമ്പോള്‍ ആണ് നമുക്ക്  ഫിലോസഫി എഴുതണം എന്ന് തോന്നുന്നത്. എനിക്കും തോന്നി. ഞാനും ഒരു മനുഷന്‍ അല്ലെ?? എനിക്കും ഇല്ലേ ആഗ്രഹങ്ങള്‍. പേടിക്കേണ്ട .. ഞാന്‍ ഇപ്പൊ ഫിലോസഫി പറഞ്ഞു നിങ്ങളെ കൊല്ലുന്നില്ല. 

ഇത് ഒരു സംഭവ കഥ ആണ്. ഒരു ഹിന്ദി അറിയാവുന്നവന് ഒരു ഹിന്ദി അറിയാതവനോട് തോന്നുന്ന മിനിമം പുച്ഛം ആണ് ഇതിന്‍റെ അടി വേര്. സംഭവം നടന്നത് കേരളത്തില്‍ എന്ന് വിചാരിക്കുന്നവര്‍ക്ക് തെറ്റി. ഇത് നടക്കുന്നത് ശ്യാമ സുന്ദരമായ വടക്കേ ഇന്ത്യയുടെ ഒരു ഭാഗത്ത്‌ വച്ച് ആണ്. നാഗാലാ‌‍ന്‍ഡ് എന്ന് കേട്ടിട്ടുണ്ടോ?? ഇല്ല എങ്കില്‍. മാന്യ മഹാ ജനങ്ങളെ .. ഇത് ഇന്ത്യ മഹാരാജ്യത്തിന്‍റെ ഒരു സുപ്രധാന സംസ്ഥാനം ആണ്. കേട്ടിട്ടുള്ളവര്‍ നല്ലത് കേള്‍ക്കാന്‍ ഇടയില്ല. തീവ്രവാദികളുടെ ഇഷ്ട ഒളിത്താവളം, നിയമത്തിന്നു പുല്ലു വില ഉള്ളവരുടെ നാട് ഒക്കെ കേട്ടിട്ടു ഉള്ളവരോട്   എനിക്ക് പറയാന്‍ ഉള്ളത് തികച്ചും വിത്യസ്തമായ ഒരു കഥ ആണ്. 

ഞാന്‍ പിച്ച വച്ച് പഠിച്ച എന്‍റെ കുട്ടികാലത്തിന്‍റെ ഓര്‍മ്മകള്‍ ഉള്ള ഒരു പ്രശാന്ത സുന്ദരമായ നാട്. പക്ഷെ ഞാന്‍ ഇപ്പൊ പറയാന്‍ ഉദ്ദേശിക്കുന്ന കഥ നടക്കുമ്പോള്‍ എനിക്ക് പ്രായം പൂജ്യം. ഇന്‍ ഷോര്‍ട്ട് ഞാന്‍ ജനിച്ചിട്ടില്ല. കഥാ സന്ദര്‍ഭത്തില്‍ 3 വ്യക്തികള്‍ മാത്രം. ഒന്ന് എന്‍റെ പൂജ്യ പിതാശ്രീ.. പിന്നെ എന്‍റെ മാതാ ശ്രീ.. പിന്നെ ഒരു പാവം കടക്കാരന്‍. 

അച്ഛന്‍ അമ്മയെ പറഞ്ഞു പറ്റിച്ചു കെട്ടിയ കാലം. ചെക്കന്‍ എവിടെ എന്നാ ചോദ്യത്തിന് ഒരു ഗമയോടു കൂടി മറുപടി പറഞ്ഞു നടന്ന എന്‍റെ അമ്മ. ചെക്കന്‍ നഗലാണ്ടില്‍ ആണ്. പറയുന്ന ഒരു ഗമ കേട്ടാല്‍ ആരും വിചാരിക്കും.. ഒരു ഫോറിന്‍ കണ്‍ട്രി ആണെന്ന്. പക്ഷെ.. അമ്മ ഇപ്പോഴും പറയും.. ആദ്യമായി ട്രെയിന്‍ യാത്ര ചെയ്തു പോയ ആ സ്വപ്ന സുന്ദര ഭൂമിയെ കുറിച്ച്... കേരളം കഴിഞ്ഞു അങ്ങ് പോയി പോയി പിന്നെ കണ്ടത് ടിന്‍ കൊണ്ടുണ്ടാകിയ വീടുകള്‍ കടകള്‍ ഇവയൊക്കെ. ഞെട്ടല്‍ ഭീകരം ആയിരുന്നെങ്കിലും എങ്ങനെയോ അമ്മ അഡ്ജസ്റ്റ് ചെയ്തു. 

പുതിയ നാടും നാട്ടുകാരും ഒക്കെ ആയി ഇടപഴുകി ശീലം ഉള്ള അമ്മ ശെരിക്കും പെട്ടത് പിന്നെയാണ്. കാര്യം.. അത് തന്നെ... ഇടപഴുകണമെങ്കില്‍ ഭാഷ .... ബാകി പറയണ്ടല്ലോ. ഓഫീസില്‍ പോയി വന്ന അച്ഛന്‍റെ മുന്നില്‍ വിങ്ങി പൊട്ടിയ അമ്മയെ നോക്കി അച്ഛന്‍ വീണ്ടും മാലാഘ കളിച്ചു.. നീ പേടികേണ്ടാഡി ... ഹിന്ദി ഒക്കെ ഈസി അല്ലെ.. ഞാന്‍ പടിപ്പിച്ചു തരാം. 

അങ്ങനെ ഹിന്ദി ക്ലാസ്സ്‌ തുടങ്ങി. 2 ദിവസത്തിന് ശേഷം ഒരു ഹിന്ദി ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുമ്പോള്‍.. പെട്ടന്ന് കറണ്ട് പോയി. വീടിനു തൊട്ടു മുന്നില്‍  ഉള്ള കടയില്‍ മെഴുകുതിരി കിട്ടും. അച്ഛന്‍ ഒരു മടിയന്‍ ആയതു കൊണ്ട് അമ്മയോട് പറഞ്ഞു നീ പോയി മേടിച്ചു കൊണ്ട് വരാന്‍. അമ്മ പറ്റില്ല എന്നൊക്കെ പറഞ്ഞെകിലും ഒരു വിധം അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ പോകാമെന്ന് സമ്മതിച്ചു. 

അച്ഛന്‍: എടി പേടിക്കാന്‍ ഒന്നും ഇല്ല.. നീ അവിടെ ചെന്ന് 4 *മുംബതി ദേധോ.. എന്ന് പറഞ്ഞാ മതി...   ( *മുംബതി = മെഴുകുതിരി ) 

അമ്മ: ഞാന്‍ ഇത് മറന്നു പോകും. 

അച്ഛന്‍: നീ പറഞ്ഞോണ്ട് പോയാല്‍ മതി. 

അങ്ങനെ പറഞ്ഞോണ്ട് പോയ അമ്മ.. കടയില്‍ എത്തി. വല്ലാത്ത ടെന്‍ഷന്‍. ഒരാള്‍ സാധനം മേടിച്ചു കൊണ്ടിരിക്കുകയാണ്. മനസ്സില്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഗായത്രി മന്ത്രം പോലെ ഉരുവിട്ട് കൊണ്ടിരിക്കുകയാണ്.  അങ്ങനെ  അമ്മയുടെ ഊഴം വന്നു. സര്‍വ ദൈവങ്ങളെയും വിളിച്ചു കൊണ്ട് അമ്മ കടകാരനോട് ... 5 മുഹബത്* ദേധോ.. ഞെട്ടി തരിച്ചു പോയ കടക്കാരന്‍ അമ്മയോട്.. ജീ ഭേഹനജി.. ക്യാ ബോലാ?? .. അമ്മ വീണ്ടും.. മോഹബത്.. 5 . ബുദ്ധിയുള്ള കടക്കാരന്‍ ചോദിച്ചു.. മാഡം candle ? അമ്മ.. എസ് ..

(*മുഹബത്= ലവ്, പ്യാര്‍, സ്നേഹം)

അടുത്ത ദിവസം ഓഫീസില്‍ പോയ വഴിക്ക് അച്ഛനെ പിടിച്ചു നിര്‍ത്തി കടക്കാരന്‍ കാര്യം പറഞ്ഞപ്പോ അച്ഛന് ചിരിക്കണോ അതോ കരയണോ എന്നാ അവസ്ഥയില്‍ ആയി. 

വിവാഹം കഴിഞ്ഞു 25 വര്‍ഷങ്ങള്‍ ആയിട്ടും ഇന്നും മുടങ്ങാതെ  അച്ഛന്‍ ഈ കഥ പറയാറുണ്ട്. അമ്മയുടെ ഹിന്ദി പഠനം നിന്ന കഥ. 

4 comments:

  1. After reading ur amazing story i felt that ishould comment on it coz my backgrnd is similar to yours...hoping to see more of those north eastern stories

    ReplyDelete