Sunday, October 23, 2011

സ്നേഹം ഓണ്‍ സയില്‍


ജീവിതം ദുഖപൂരിതം ആകുമ്പോള്‍ ആണ് നമുക്ക്  ഫിലോസഫി എഴുതണം എന്ന് തോന്നുന്നത്. എനിക്കും തോന്നി. ഞാനും ഒരു മനുഷന്‍ അല്ലെ?? എനിക്കും ഇല്ലേ ആഗ്രഹങ്ങള്‍. പേടിക്കേണ്ട .. ഞാന്‍ ഇപ്പൊ ഫിലോസഫി പറഞ്ഞു നിങ്ങളെ കൊല്ലുന്നില്ല. 

ഇത് ഒരു സംഭവ കഥ ആണ്. ഒരു ഹിന്ദി അറിയാവുന്നവന് ഒരു ഹിന്ദി അറിയാതവനോട് തോന്നുന്ന മിനിമം പുച്ഛം ആണ് ഇതിന്‍റെ അടി വേര്. സംഭവം നടന്നത് കേരളത്തില്‍ എന്ന് വിചാരിക്കുന്നവര്‍ക്ക് തെറ്റി. ഇത് നടക്കുന്നത് ശ്യാമ സുന്ദരമായ വടക്കേ ഇന്ത്യയുടെ ഒരു ഭാഗത്ത്‌ വച്ച് ആണ്. നാഗാലാ‌‍ന്‍ഡ് എന്ന് കേട്ടിട്ടുണ്ടോ?? ഇല്ല എങ്കില്‍. മാന്യ മഹാ ജനങ്ങളെ .. ഇത് ഇന്ത്യ മഹാരാജ്യത്തിന്‍റെ ഒരു സുപ്രധാന സംസ്ഥാനം ആണ്. കേട്ടിട്ടുള്ളവര്‍ നല്ലത് കേള്‍ക്കാന്‍ ഇടയില്ല. തീവ്രവാദികളുടെ ഇഷ്ട ഒളിത്താവളം, നിയമത്തിന്നു പുല്ലു വില ഉള്ളവരുടെ നാട് ഒക്കെ കേട്ടിട്ടു ഉള്ളവരോട്   എനിക്ക് പറയാന്‍ ഉള്ളത് തികച്ചും വിത്യസ്തമായ ഒരു കഥ ആണ്. 

ഞാന്‍ പിച്ച വച്ച് പഠിച്ച എന്‍റെ കുട്ടികാലത്തിന്‍റെ ഓര്‍മ്മകള്‍ ഉള്ള ഒരു പ്രശാന്ത സുന്ദരമായ നാട്. പക്ഷെ ഞാന്‍ ഇപ്പൊ പറയാന്‍ ഉദ്ദേശിക്കുന്ന കഥ നടക്കുമ്പോള്‍ എനിക്ക് പ്രായം പൂജ്യം. ഇന്‍ ഷോര്‍ട്ട് ഞാന്‍ ജനിച്ചിട്ടില്ല. കഥാ സന്ദര്‍ഭത്തില്‍ 3 വ്യക്തികള്‍ മാത്രം. ഒന്ന് എന്‍റെ പൂജ്യ പിതാശ്രീ.. പിന്നെ എന്‍റെ മാതാ ശ്രീ.. പിന്നെ ഒരു പാവം കടക്കാരന്‍. 

അച്ഛന്‍ അമ്മയെ പറഞ്ഞു പറ്റിച്ചു കെട്ടിയ കാലം. ചെക്കന്‍ എവിടെ എന്നാ ചോദ്യത്തിന് ഒരു ഗമയോടു കൂടി മറുപടി പറഞ്ഞു നടന്ന എന്‍റെ അമ്മ. ചെക്കന്‍ നഗലാണ്ടില്‍ ആണ്. പറയുന്ന ഒരു ഗമ കേട്ടാല്‍ ആരും വിചാരിക്കും.. ഒരു ഫോറിന്‍ കണ്‍ട്രി ആണെന്ന്. പക്ഷെ.. അമ്മ ഇപ്പോഴും പറയും.. ആദ്യമായി ട്രെയിന്‍ യാത്ര ചെയ്തു പോയ ആ സ്വപ്ന സുന്ദര ഭൂമിയെ കുറിച്ച്... കേരളം കഴിഞ്ഞു അങ്ങ് പോയി പോയി പിന്നെ കണ്ടത് ടിന്‍ കൊണ്ടുണ്ടാകിയ വീടുകള്‍ കടകള്‍ ഇവയൊക്കെ. ഞെട്ടല്‍ ഭീകരം ആയിരുന്നെങ്കിലും എങ്ങനെയോ അമ്മ അഡ്ജസ്റ്റ് ചെയ്തു. 

പുതിയ നാടും നാട്ടുകാരും ഒക്കെ ആയി ഇടപഴുകി ശീലം ഉള്ള അമ്മ ശെരിക്കും പെട്ടത് പിന്നെയാണ്. കാര്യം.. അത് തന്നെ... ഇടപഴുകണമെങ്കില്‍ ഭാഷ .... ബാകി പറയണ്ടല്ലോ. ഓഫീസില്‍ പോയി വന്ന അച്ഛന്‍റെ മുന്നില്‍ വിങ്ങി പൊട്ടിയ അമ്മയെ നോക്കി അച്ഛന്‍ വീണ്ടും മാലാഘ കളിച്ചു.. നീ പേടികേണ്ടാഡി ... ഹിന്ദി ഒക്കെ ഈസി അല്ലെ.. ഞാന്‍ പടിപ്പിച്ചു തരാം. 

അങ്ങനെ ഹിന്ദി ക്ലാസ്സ്‌ തുടങ്ങി. 2 ദിവസത്തിന് ശേഷം ഒരു ഹിന്ദി ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുമ്പോള്‍.. പെട്ടന്ന് കറണ്ട് പോയി. വീടിനു തൊട്ടു മുന്നില്‍  ഉള്ള കടയില്‍ മെഴുകുതിരി കിട്ടും. അച്ഛന്‍ ഒരു മടിയന്‍ ആയതു കൊണ്ട് അമ്മയോട് പറഞ്ഞു നീ പോയി മേടിച്ചു കൊണ്ട് വരാന്‍. അമ്മ പറ്റില്ല എന്നൊക്കെ പറഞ്ഞെകിലും ഒരു വിധം അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ പോകാമെന്ന് സമ്മതിച്ചു. 

അച്ഛന്‍: എടി പേടിക്കാന്‍ ഒന്നും ഇല്ല.. നീ അവിടെ ചെന്ന് 4 *മുംബതി ദേധോ.. എന്ന് പറഞ്ഞാ മതി...   ( *മുംബതി = മെഴുകുതിരി ) 

അമ്മ: ഞാന്‍ ഇത് മറന്നു പോകും. 

അച്ഛന്‍: നീ പറഞ്ഞോണ്ട് പോയാല്‍ മതി. 

അങ്ങനെ പറഞ്ഞോണ്ട് പോയ അമ്മ.. കടയില്‍ എത്തി. വല്ലാത്ത ടെന്‍ഷന്‍. ഒരാള്‍ സാധനം മേടിച്ചു കൊണ്ടിരിക്കുകയാണ്. മനസ്സില്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഗായത്രി മന്ത്രം പോലെ ഉരുവിട്ട് കൊണ്ടിരിക്കുകയാണ്.  അങ്ങനെ  അമ്മയുടെ ഊഴം വന്നു. സര്‍വ ദൈവങ്ങളെയും വിളിച്ചു കൊണ്ട് അമ്മ കടകാരനോട് ... 5 മുഹബത്* ദേധോ.. ഞെട്ടി തരിച്ചു പോയ കടക്കാരന്‍ അമ്മയോട്.. ജീ ഭേഹനജി.. ക്യാ ബോലാ?? .. അമ്മ വീണ്ടും.. മോഹബത്.. 5 . ബുദ്ധിയുള്ള കടക്കാരന്‍ ചോദിച്ചു.. മാഡം candle ? അമ്മ.. എസ് ..

(*മുഹബത്= ലവ്, പ്യാര്‍, സ്നേഹം)

അടുത്ത ദിവസം ഓഫീസില്‍ പോയ വഴിക്ക് അച്ഛനെ പിടിച്ചു നിര്‍ത്തി കടക്കാരന്‍ കാര്യം പറഞ്ഞപ്പോ അച്ഛന് ചിരിക്കണോ അതോ കരയണോ എന്നാ അവസ്ഥയില്‍ ആയി. 

വിവാഹം കഴിഞ്ഞു 25 വര്‍ഷങ്ങള്‍ ആയിട്ടും ഇന്നും മുടങ്ങാതെ  അച്ഛന്‍ ഈ കഥ പറയാറുണ്ട്. അമ്മയുടെ ഹിന്ദി പഠനം നിന്ന കഥ. 

Thursday, October 13, 2011

ഒരു ഇന്റര്‍വ്യൂന്‍റെ കഥ

ഇത് തികച്ചും പ്രാധാന്യം ഇല്ലാത്ത ഒരു കഥയാണ്. പക്ഷെ തിക്കച്ചും രസകരമായ ഒരു അനുഭവ കഥ കൂടിയാണ്. 

ഈ കഥ നടക്കുനതു ഗള്‍ഫില്‍ ആണ്. നാട്ടില്‍ ജോലി അന്വേഷിച്ചു നടന്ന അങ്കിള്‍ന്‍റെ  മകന്‍ വിഷമിക്കുന്നത് കണ്ടു മനസലിഞ്ഞ എന്‍റെ പി താശ്രീ പറഞ്ഞ ഒരു വാക്കിന്‍റെ  പേരില്‍ ദുബായിക്ക് വണ്ടി കയറിയതാണു ചേട്ടന്‍. കണ്‍വീനീയനസിന് വേണ്ടി നമ്മുക്ക് ഈ ചേട്ടനെ മനു എന്ന് വിളിക്കാം.

 മനു പുതിയ തലമുറയുടെ രോമാഞ്ചം ആണ്. രാവിലെ എഴുന്നേറ്റു കുളിച്ചു കുറി തൊടുന്ന ആ പഴയ മലയാളം മീഡിയം പയ്യന്‍  മനുവേട്ടന്‍ അല്ല ഇപ്പൊ ആള്. രാവിലെ എഴുനേറ്റു ജെല്‍ ബോട്ടില്ലില്‍ തലതാഴ്തുന്ന മനു. സ്റ്റൈല്‍ മന്നന്‍ മനു. ലോ വേസ്റ്റ് ജീന്‍സും, ടി- ഷര്‍ട്ടും, പിന്നെ കോണ്‍വേര്‍സ്  ഷൂസും ഒക്കെ ഇട്ടു കോളേജിലെ യുവ സുന്ദരികളുടെ ഹരമായിരുന്ന ഹീറോ. കോളേജ് കഴിഞ്ഞു ഒരു വര്‍ഷം പണി തേടി അലഞ്ഞ നമ്മുടെ മനുവേട്ടന്‍റെ തെണ്ടല്ലിനു  സഡന്‍  ബ്രേക്ക്‌ ഇട്ടു കൊണ്ട് എന്‍റെ പാവം പി താശ്രീ എന്‍ട്രി നടത്തി. 

അങ്ങനെ മനുവേട്ടന്‍ ലാണ്ട്സ് ഇന്‍ ദുഫായി. 2  ആഴിച്ച ജോലി തെണ്ടിയ ചേട്ടനെ നോക്കി മനസലിഞ്ഞ അച്ഛന്‍ വീണ്ടും ഒരു മാലാഘയായി. ചേട്ടന്‍ അറിയാതെ ഒരു സുഹൃത്തിനെ വിളിച്ചു തിരക്കി വല്ല വേക്കന്‍സി ഉണ്ടോ എന്ന്.  ഭാഗ്യദേവത കടാക്ഷിച്ചു. ഉണ്ട് എന്ന് ഉത്തരം. പക്ഷെ ഇന്റര്‍വ്യൂ പാസ്‌ ആകണം. അച്ഛന്‍ തന്‍റെ അനന്ദ്രവനെ  കുറിച്ച് ഓര്‍ത്തു സന്തോഷിച്ചു. ഇതില്‍ ഇവന്‍ രക്ഷപെടും. 

കാര്യം മനു മോനോട് പറഞ്ഞു ഒപ്പിച്ചു. ഇതൊക്കെ എനിക്ക് പുല്ലാണ് എന്നാ സ്റ്റൈലില്‍ മുറിയിലേക്ക് കയറി പോയ മനുവിനെ നോക്കി എന്‍റെ അപ്പന്‍ "അവന്‍ മിടുക്കനാ.. കണ്ടാലേ അറിയാം". 

ഇനി സീന്‍ 2 . 

ട്രാഫിക്കില്‍ പെട്ട് സമയം പോവേണ്ട എന്ന് കരുതി സമയം ഇല്ലാത്ത സമയം ഉണ്ടാകി അച്ഛന്‍ മനുവിനെ എമിരേറ്റ്സ് ടവറില്‍ കൊണ്ട് വിടുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങിയ മനു ഒരല്പം ജാടയില്‍ മനു മോന്‍ "മാമന്‍ പോയിക്കോ. ഞാന്‍ വന്നോളം". സ്വയം പര്യാപ്തത വന്ന അനിന്ദ്രവനെ കണ്ട ക്രിധാര്ഥന്‍ ആയ അമ്മാവന്‍ ബില്‍ഡിംഗിലേക്ക് കയറി പോയ മനുവിനെ നോക്കി നിന്നു. അപ്പോഴാണ് ഒരു ദാഹം. എന്നാ പിന്നെ ഒരു ഷേക്ക്‌ അടിച്ചിട്ട് പോയേക്കാം എന്ന് കരുതി അടുത്ത കടയില്‍ ചെന്നപ്പോ അവിടെ തൃശൂര്‍ പൂരത്തിന്‍റെ ആള്. 10 മിനിട്ട് വെയിറ്റ് ചെയ്തിട്ടുണ്ടാകും. പിന്നെ 5 മിനിറ്റ് ഷേക്ക്‌ അടിച്ചു നില്‍ക്കുമ്പോള്‍ അതാ നമ്മുടെ കഥാനായകന്‍ പടി ഇറങ്ങി വരുന്നു. മട്ടും ഭാവവും കണ്ടിട്ട് എന്തോ സംഭവിച്ച പോലെ. പെട്ടന്ന് അടുക്കല്‍ ചെന്ന് എന്ത് പറ്റിയെടാ എന്ന് ചോദിച്ച പിതാശ്രി ഞെട്ടി പോകുന്ന സ്പീഡില്‍ വണ്ടിയില്‍ കയറി സീറ്റ്‌ ബെല്‍റ്റ്‌ ഇട്ട ശേഷം ഒരു ഡയലോഗ് "തീരെ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത ബോസ്സ് ആണ്. ഇത് ശെരി ആവൂല്ല". 

2 സിഗ്നല് കഴിഞ്ഞപ്പോ ചൂടാറി എന്ന് തോന്നിയ അച്ഛന്‍ മനുവിനോട് കാര്യം എന്തെന്ന് ചോദിച്ചു.  മനുവിന്‍റെ മറുപടി ഒരു സംഭാഷണമായി എഴുതുന്നു.

മനു : ഗുഡ് മോര്‍ണിംഗ് സര്‍.

ബോസ്സ്: എസ് ഗുഡ് മോര്‍ണിംഗ്. പ്ലീസ് ടേക്ക് യുവര്‍ സീറ്റ്‌.
                   സൊ യു ഡിഡ് എം.കോം?

മനു: എസ് സര്‍.

ബോസ്സ്: ഓക്കേ. 

( എം. കോം പരമായ എന്തോ ചോദ്യത്തിന് ഉത്തരം മുട്ടിയ മനു വെര്‍ക്കുന്നു)

ബോസ്സ്: ആര്‍ യു ഷുവേര്‍ ദാറ്റ്‌ യു ഡിഡ് എം.കോം?

മനു: സര്‍ .. ഷുവേര്‍.. ഷോ മി യുവര്‍ സര്‍ട്ടിഫിക്കറ്റ്.

ബോസ്സ്: വാട്ട്‌?? 

മനു: സര്‍ .. വെരി  ഷുവേര്‍.. ഷോ മി യുവര്‍ സര്‍ട്ടിഫിക്കറ്റ്.

ബോസ്സ്: ഗെറ്റ് ഔട്ട്‌.

സീന്‍ ബാക്ക് ടു ദി കാര്‍.

അച്ഛന്‍: നീ എന്താ ഉദേശിച്ചേ?

മനു: ഞാന്‍ എന്‍റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാം എന്ന് പറഞ്ഞത് അഗെര്‍ക്ക് ഇഷ്ടപെട്ടില്ല. 

മനസില്‍ അച്ഛന്‍ വീണ്ടും ഒന്നും കൂടി ആലോചിച്ചു... 
ഷോ= കാണിക്കാം, മി = എന്‍റെ, യുവേര്‍= നിങ്ങളെ, സര്‍ട്ടിഫിക്കറ്റ്=സര്‍ട്ടിഫിക്കറ്റ്.

എല്ലാം കൂടി കൂടി വായിച്ച അച്ഛന്‍റെ ചേതോവികാരം വളരെ പരിതാപകരം ആയിരുന്നു. ഒരൊറ്റ ചോദ്യമേ പിന്നെ അച്ഛന്‍ മനുവിനോട് ചോദിചൊള്ളൂ
മനു ഏത് സ്കൂള്‍ലാ പഠിച്ചേ??




Monday, August 15, 2011

ആയുര്‍വേദം പ്രകൃതിയുടെ വരദാനം


ഹോസ്റ്റ്ലിലെ അവസാന 3  മാസങ്ങള്‍ എന്‍റെ കേശ സംരക്ഷണത്തിന് അത്ര നല്ല നാളുകള്‍ ആയിരുന്നില്ല. വളര്‍ന്നു പനംകുല പോലെ മുടി ഉള്ളവരുടെ കുറച്ചു കൊഴിഞ്ഞാലും കുഴപ്പം ഇല്ല. പക്ഷെ കഷ്ടപ്പെട്ട് ഒന്നും രണ്ടും മൂന്ന്‍ എന്ന് പറയുന്ന ജനസമൂഹത്തിനു ക്ലോറിന്‍ വെള്ളം അത്ര സന്തോഷം പകരുന്ന ഒന്നല്ല. ഏതു കോളേജ് എന്നോ, ഏതു നിമിഷത്തില്‍ എന്നോ ഞാന്‍ പറയുന്നില്ല .. ചില പ്രതെയ്ക സാഹചര്യങ്ങളില്‍ കോളേജ് മാനജ്ജ്മെന്റ്റ്-ന് ക്ലോറിന്‍ വെള്ളത്തില്‍ ചേര്‍ക്കേണ്ടി വന്നു. കോളേജ് ജീവിതം അവസാനിപ്പിച്ച് വീട്ടില്‍ ഇരുന്നപ്പോ എനിക്ക് ഒരു ആഗ്രഹം കാവ്യ മാധവനെ പോലെ മുടി വേണം. വൈകിട്ട് സ്കൂള്‍ വിട്ടു വന്ന അമ്മയുടെ മുന്‍പില്‍ കാര്യം ബോധിപിച്ചു. 

കേട്ട പാതി കേള്‍ക്കാത്ത പാതി... അമ്മ എന്നെ പൊക്കി എടുത്തു ഞങ്ങളുടെ മാരുതി സ്വിഫ്റ്റ്ല്‍ ഇട്ടു. പിന്നെ ഒരു വിടീല്‍ ആണ്. എന്‍റെ ഈശ്വരന്‍മാരെ.... മുടി അഴകിനു പുറകെ പോയ ഞാന്‍ എന്‍റെ ജീവനെ ഒരു നിമിഷം വല്ലാതെ അങ്ങ് സ്നേഹിച്ചു പോയി. വെഹികിള്‍ ഇന്‍സ്പെക്ടര്‍ എന്ന തെണ്ടിയെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അമ്മയാണ സത്യം ഞാന്‍ അങ്ങേരെ വെടി വച്ച് കൊന്നേനെ. നമ്മുടെ കേരളത്തിന്‍റെ മഹത്തായ ഡ്രൈവിംഗ് ലോകത്തെങ്ങും കാണാന്‍ പറ്റാത്ത ഒരു പ്രതിഭാസം ആണ്. പല ലെവെലുകള്‍ ഉണ്ട് നമ്മുടെ ഡ്രൈവിങ്ങിനു. license കിട്ടി കഴിഞ്ഞ്‌ ഡ്രൈവിംഗ് പഠിക്കുന്ന ഏക രാജ്യം നമ്മുടെ നാട് തന്നെ.

ചെങ്ങന്നൂര്‍ ഉള്ള ഒരു ആയുര്‍വേദ ഡോക്ടര്‍ന്‍റെ വീടിന്‍റെ പടിപുര വാതുക്കല്‍ എന്‍റെ മാതാ ശ്രീ പൂര്‍വാധികം ശക്തിയോടെ വണ്ടി പിടിച്ചു നിര്‍ത്തി. ജീവന്‍ രക്ഷിച്ച സന്തോഷത്തില്‍ ഞാന്‍ ആനന്ദ  നിര്‍ത്തമാടി. ഡോക്ടര്‍ന്‍റെ പക്കല്‍ നിന്നും 2  എണ്ണയും ഒരു ഹെയര്‍ ടോണ്‍, ഒരു ചുമട് ഗുളികയും, ഒരു ആയുര്‍വേദിക് ഷാമ്പൂവും മേടിച്ചു ഞാന്‍ സാഹസിക യാത്ര നടത്തി വീട്ടില്‍ എത്തി ചേര്‍ന്നു.

ഇനി മുടി വളരാതതോന്നു കാണണം എന്ന അതിയായ ആഗ്രഹത്തില്‍ ഞാന്‍ എണ്ണ ഒക്കെ നല്ലത് പോലെ തലയില്‍ തേച്ചു പിടിപിച്ചു.. ഇനി ഒരു മണികൂര്‍ കഴിഞ്ഞു  അത് നമ്മുടെ കറ്റാര്‍ വാഴ ഷാമ്പൂ കൊണ്ട് കഴുകി കളയണം. സെറ്റ് അപ്പ്‌ പ്ലാന്‍ ഒക്കെ ചെയ്തു കുളിക്കുനതിനു മുന്‍പ് ഞാന്‍ ഷാമ്പൂ ബോട്ടില്‍ തുറന്നു. അപ്പോള്‍ അതാ മറ്റൊരു അടപ്പ് അതിന്‍റെ അകത്തു. തുറക്കാന്‍ തുടങിയപ്പോള്‍ ആണ് എന്‍റെ മനസിന്‍റെ ഒരു പിശുക്കന്‍ വിളി. അല്ല.. ഇത് ഇപ്പൊ മുഴുവന്‍ തുറന്നാല്‍ ഷാമ്പൂ പട പടെ എന്ന് അങ്ങ് തീരും. അത് കൊണ്ട് ഒരു കുഞ്ഞു സേഫ്ടി പിന്‍ എടുത്തു ഞാന്‍ അതില്‍ ഒരു തുള ഇട്ടു. അധികം ഒന്നും ചിന്തിച്ചില്ല.
തലയിലെ എണ്ണമയം കളയാനായി ഞാന്‍ പ്രകൃതിദ്ദത ശാപൂ ബോട്ടില്‍ എന്‍റെ കൈകളിലേക്ക് എടുത്തു... പിന്നെ അടപ്പ് ഊരി.. എന്നിട്ട് എന്നിട്ട് സിനിമ സ്ടെയിലില്‍ കുപ്പി തിരിച്ചു... ആഹാ ... ഇതാ വന്നു .. വന്നു.. എന്ന് വിചാരിച്ചിരുന്ന എന്‍റെ കൈകളിലേക്ക് ഒന്നും വന്നില്ല. കുപ്പിയുടെ തുള ചെറുതാണ്.  നിരാശാജനകമായ ആ അവസ്ഥയില്‍  എന്‍റെ ആവേശത്തില്‍ ഞാന്‍ ബലമായി ഒന്ന് കുപ്പിയെ അമര്‍ത്തി. അപ്പൊ തന്നെ വന്നോളും എന്ന എന്‍റെ തിയറിയെ വെല്ലുന്ന പെര്‍ഫോര്‍മന്‍സ്. കുപ്പിയുടെ അടപ്പ് വന്‍ ശബ്ധതോടെ തറയെ ലക്ഷ്യമാകി പറന്നു. കറുത്ത നിറത്തില്‍ എന്‍റെ ബാത്രൂം ഫ്ലോര്‍ പള പള മിന്നി. കര്പുരത്തിന്‍റെ മനം അടിച്ചു തല കറഗിയ ഞാന്‍ എന്‍റെ ദൈവമേ എന്ന് വിളിച്ചു മുകളിലേക്ക് നോക്കിയാ ഞാന്‍ ഇന്നസെന്‍റെ സ്റ്റൈലില്‍ "എന്‍റെ അമ്മെ" എന്ന് പറഞു പോയി.  വെളുത്തിരുന്ന മേല്‍കൂര വരെ കറത്ത് പോയി എന്‍റെ മുടി വളര്‍ത്തല്‍ പ്രസ്ഥാനത്തില്‍.

അതോടു കൂടി അമ്മയുടെ വായില്‍ ഇരുന്നതും. ഇതും പോരാതെ മണലാരണ്യത്തില്‍ നിന്നും I . S . D . വിളിച്ചു പിതാശ്രീയും എന്‍റെ മുടി വളര്‍ത്തലിന് അന്ത്യം കുറിച്ച്. ഇന്നും കാവ്യ മാധവന്‍ ടി.വി. യില്‍ "എന്‍റെ മുടിയുടെ രഹസ്യം" എന്ന് പറയുമ്പോള്‍... എനിക്ക് ഒരു പൊട്ടിത്തെറി മാത്രം ആണ് ഓര്‍മ്മ  വരുന്നത്. പ്രകൃതിയുടെ വരദാനം എനിക്ക് വിനയായത്‌ ഇങ്ങനെ. 

 

Monday, July 25, 2011

കര്‍കിടകം തകര്‍ത്തു പെയ്യുമ്പോള്‍ ഓര്‍മകളിലൂടെ !!

ആദ്യ മഴ മണ്ണില്‍ പതിയുമ്പോള്‍ പൂഴിമണ്ണിനു ഒരു പ്രത്യേക സുഗന്ധo ആണ്. അത് എനിക്ക് ഒരു തരം ലഹരിയാണ്. ഒരു സുഖം ഉള്ള ലഹരി. കോണ്‍ക്രീറ്റ് ഇട്ട എന്‍റെ വീടിന്‍റെ ചുവരുകളും മേല്‍ കൂരയും എന്‍റെ ഈ സുഖത്തിന്‍റെ അളവ് കുറയ്ക്കുന്നു. സിമെന്റ്റ്‌ ഇട്ട പടികളില്‍ ഇരിക്കുമ്പോള്‍ ചെറിയ  കാറ്റാടിച്ച് മഴ തുള്ളികള്‍ എന്‍റെ മുഖത്ത് വീണുകൊണ്ടിരിക്കുന്നു . 

എക്സ്പ്ലനെഷന്‍   അല്പം റൊമാന്‍ടിക്ക്  ആയതു തികച്ചും സ്വാഭാവികം. എന്ന് വച്ച് ഞാന്‍ ഒരു അഗാധ  പ്രയത്തിന്‍റെ  ജീവിക്കുന്ന പ്രതീകം ഒന്നുമല്ല കേട്ടോ. ജീവിതം തികച്ചും നോര്‍മല്‍ ആയി ജീവിക്കുന്ന ഒരു 22 വയസുകാരി. കോളേജ് ജീവിതം അവസാനിപിച്ചത് 3 മാസങ്ങള്‍ക്ക് മുന്‍പാണ്. പുതിയ തലമുറയുടെ ഉദ്യോഗത്തിന് വേണ്ടിയുള്ള നട്ടം തിരിയത്തിനു ചെറിയ രീതിയില്‍ ശമനം നല്‍കിയ ഓമന വാക്ക് "പ്ലേസെഡ്" എന്ന ടാഗുമായി കോളേജ് വിട്ട ഞാന്‍ ഇന്ന് വീടിന്‍റെ പടി വാതിക്കല്‍ കുത്തി ഇരുന്ന്‌ സാഹിത്യം പറയാതെ വേറെ എന്ത്  ചെയ്യും. എന്‍റെ M .N . C. എന്നെ വിളിക്കുമായിരിക്കും. 

അക്ഷരങ്ങളുടെ ലോകത്തോട്‌ വീണ്ടും സ്നേഹം തോന്നാന്‍ ഈ മഴകാലം എന്നെ പ്രേരിപ്പിച്ചു. പണ്ട് സ്കൂളില്‍ മലയാളം 2 പഠിക്കാന്‍  കെ. എല്‍ . മോഹനവര്‍മയുടെ "പ്രൊഫസര്‍ടെ ലോകം" എന്ന    പുസ്തകം  വായിച്ചത് എന്‍റെ ഈ എഴുത്ത് ശൈലിയെ വളരെയധികം സ്വാധീനിച്ചു. എടുത്താല്‍ പൊങ്ങാത്ത വാക്കുകളും അതിലേറ മനസിലാവാത്ത അര്‍ദ്ധങ്ങളുമായി എഴുതണം എന്ന എന്‍റെ ചിന്തയെ മാറ്റി മറിച ഒരു രചന.

പുതിയ തലമുറയെ ആവേശം കൊള്ളിച്  സാള്‍ട്ട് n പെപ്പെര്‍ എന്ന സിനിമയിലെ ആന കള്ളന്‍ എന്ന പാട്ട് എന്‍റെ ബാക്ക്ഗ്രൌണ്ടില്‍ വെടി പൊട്ടിക്കുന്ന രീതിയില്‍  അമ്മുമ്മ ടിവിയില്‍ വച്ചിരിക്കുന്നു. കാലത്തിന്‍റെ ഒരു പോക്കെ.. പണ്ട് രാമാനാമം ജപിചിരിക്കുന്ന മുത്തശ്ശി ഇപ്പൊ ഇതാ മെട്രോ ലൈഫ്ന്‍റെ റോക്ക് മ്യൂസിക്‌ ലെബെല്‍ ആയ അവിയല്‍ ബാന്‍ഡ്ന്‍റെ ആന കള്ളനൊപ്പം താളം കൊട്ടുന്നു. പെട്ടന്ന് ചോദിക്കാം "എന്തെ മുത്തശ്ശിക്ക് ആയികൂടെ?". വേണമെങ്കില്‍ ഒരു ജാഡക്ക് പറയാം "മൈ ഗ്രാന്‍ഡ്‌മതര്‍ റോക്ക്സ്". 

എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും സിറ്റി ലൈഫ് എനിക്കെന്നും മടുപ്പാണ്. ഒരു തരം വച്ച് കെട്ടല്‍ പോലെ ഒരു ജീവിതം. മെട്രോ ലൈഫ്ന്‍റെ ഫാസ്റ്റ്നെസ് ചിലപ്പോള്‍ ഒക്കെ സ്വന്തം ലൈഫ്ന്‍റെ സ്ലോനെസ്സുമായി കൂടി മുട്ടുമ്പോള്‍ ഉണ്ടാകുന്ന വീര്ര്‍പ്പ് മുട്ടലിന്‍റെ അഫ്ട്ടറര്‍ എഫ്കട്ട്സ്  എന്ന് വേണമെങ്കില്‍ പറയാം. എന്തായാലും ഇതിനു ഒരു വിരാമം ഇടാന്‍ എന്‍റെ    M .N . C. മനസ്സ് വൈക്കണം.  

റാന്‍ണ്ടo തോ‌ട്ട്സ് ഇനിയും ഒരു പാട് ഈ മഴയുടെ കൂടെ വന്നും പോയും ഇരിക്കും. വീണ്ടും എന്‍റെ ഓര്‍മകളുടെ ലോകത്തിലേക്ക്‌..........